അവസാന യാത്ര

എല്ലാമൊടുങ്ങി കഴിയുമ്പോള്‍ ഒരു ദിവസം വരും. 
പണി തീരാത്ത വീടിനു മുന്നില്‍ നീലപടുത വലിച്ചു കെട്ടി, 
കരി പുരണ്ട വിളക്കില്‍ ദീപം തെളിയിച്ച് 
ഒരിക്കലും കൂട്ടിമുട്ടാതിരുന്ന തള്ളവിരലുകളെ 
ശുഭ്രനൂലിഴയില്‍ ഒരുമിപ്പിച്ച്. 
നേടിയതെല്ലാം മിഥ്യകളെന്നു ഓര്‍മ്മിപ്പിച്ച് 
നഷ്ട്ടങ്ങളൊന്നും ദുഃഖങ്ങളല്ലെന്ന തിരിച്ചറിവോടെ തെക്കേയതിരിനെടുത്ത ആറടി താഴ്ചയിലെയ്ക്കിറങ്ങി 
ഞാനൊരു യാത്ര പോകും. 

നിലാവിന്റെ നാട്ടില്‍,
സ്വാര്‍ത്ഥനെന്നു കേള്‍പ്പിക്കാതെ
പിശുക്കനെന്നു പറയിക്കാതെ 
പാപിയെന്നു ക്രൂശിക്കപ്പെടാതെ 
സമാധാനത്തിന്റെ വീഞ്ഞു ലഹരിയില്‍ 
ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത ഉന്മാദിയായി 
നരകസുഖത്തില്‍ ഞാന്‍ കിടന്നുറങ്ങും.


2 comments :